കേരളത്തിലെ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമാണ് വേമ്പനാട് കായലും അതിനോടു ചേർന്ന കോള്നിലങ്ങളും. സമുദ്ര നിരപ്പിനു താഴെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവനോപാധിയും അതുപോലെ സമൃദ്ധമായ ജൈവവൈവിധ്യസമ്പന്നവുമായ അപൂര്വ്വ ജലപരിസ്ഥിതിയാണ്.
മത്സ്യ ബന്ധനം, കൃഷി, ടൂറിസം ഇവയെല്ലാം ഈ ജലവ്യവസ്ഥയോട് ചേർന്നാണ് മുന്നേറുന്നത്. എന്നാല് ഈ പ്രദേശം ഇന്ന് നേരിടുന്ന ഗുരുതരമായ ഭീഷണികളിൽ ഒന്നാണ് അധിനിവേശ സസ്യങ്ങള്. കുളവാഴ, ആഫ്രിക്കന് പായല് പോലുള്ള അധിനിവേശ ജലസസ്യങ്ങള് ഈ പ്രദേശത്തെ ഇന്ന് സാരമായി ബാധിക്കുന്നു.
അധിനിവേശ ജലസസ്യങ്ങൾ
ഈ ജല പരിസ്ഥിതിക്ക് പുതിയൊരു ഭീഷണിയാവുകയാണ് “മലയൻ ഹംഗ്വാന” എന്ന അധിനിവേശ ജലസസ്യം. 2020ൽ മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഈ സസ്യത്തെ ഇവിടെ കണ്ടെത്തുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ റിപ്പോർട്ടാണിത്. ഇവ വേമ്പനാട് കോൾ തണ്ണീർത്തടങ്ങളിൽ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്നു. അതിവേഗത്തിൽ വളരുന്ന ഈ സസ്യം ജലാശയങ്ങളില് കട്ടിയേറിയ പാളികള് രൂപപ്പെടുത്തുന്നു. ഇത് ജലാശയങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുത്തുകയും ജലാശയത്തെ മലിനമാക്കുകയും ചെയ്യുന്നു. ഇവയുടെ വളര്ച്ച സ്വദേശി സസ്യങ്ങള്ക്കും നമ്മുടെ മത്സ്യ സമ്പത്തിനും പാടശേഖരങ്ങള്ക്കും ഭീഷണിയായി മാറുന്നു.
പ്രാരംഭഘട്ടത്തിൽ തന്നെ ഈ സസ്യത്തെ നിയന്ത്രിക്കാത്ത പക്ഷം, വേമ്പനാട് കായൽ പരിസ്ഥിതി ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങാം. മലബാര് ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നുള്ള ഗവേഷകര് ഈ സസ്യത്തിന്റെ വ്യാപനം പഠിക്കുകയും ഫലപ്രധമായ നിയന്ത്രണ മാര്ഗങ്ങള് രൂപപ്പെടുത്തുകയും ചെയ്യുന്നു.
പഠനത്തെക്കുറിച്ചുള്ള വിശദീകരണം
ഈ പ്രവർത്തനത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്ഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പങ്കാളികളാകുന്നു. എന്നാൽ, പൊതുജനങ്ങളുടെ പങ്കാളിത്തമില്ലാതെ ഈ ശ്രമം പൂർണ്ണമാകില്ല.
നിങ്ങളുടെ പ്രദേശത്ത് ഈ സസ്യം കാണുന്നുവെങ്കിൽ:
പ്രദേശത്തിന്റെ പേര്
പഞ്ചായത്ത്
ആദ്യമായി കണ്ട വർഷം
എന്നിവ താഴെ കാണുന്ന നമ്പറിൽ പങ്കുവെക്കുക.
നമ്മുടെ കായലിനെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നത് നമ്മുടെ സംയുക്ത ഉത്തരവാദിത്തമാണ്.